450-ലേറെ കുട്ടികൾ പങ്കെടുത്ത ചിത്രരചനാ മത്സരം ശ്രദ്ധേയമായി
ന്യൂ മാഹി: ന്യൂ മാഹി എം.എം. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ എം.എം. അലുംനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ന്യൂ മാഹി–മാഹി മേഖലയിലെ നഴ്സറി മുതൽ ഹൈസ്കൂൾ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ശ്രദ്ധേയമായി.
ജൂൺ 21ന് ന്യൂ മാഹി മലയാളഗ്രാമത്തിൽ നടന്ന മത്സരത്തിൽ 450-ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രശസ്ത ചിത്രകാരൻ പ്രശാന്ത് ഒളവിലം ഉദ്ഘാടനം നിർവഹിച്ചു. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികൾ തങ്ങളുടെ കലാപാടവം പ്രകടിപ്പിച്ച് ശ്രദ്ധ നേടി.
ലഹരിയുടെ ദൂഷ്യഫലങ്ങൾ, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത, സാമൂഹിക ബോധവത്കരണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിലുള്ള നിരവധി സൃഷ്ടികൾ മത്സരത്തിന് മാറ്റുകൂട്ടി.
പരിപാടിയിൽ സലിം കൊമ്മോത്ത്, സൈനുദ്ധീൻ, ടി.എം.പി. മുഹമ്മദ് റഫീഖ്, അലി സിറാജ്, അഷ്റഫ് എം.സി., മുഹമ്മദലി പി.പി. എന്നിവർ സംസാരിച്ചു. അസീസ് മാഹി, ഫൈസൽ ബിണ്ടി, സവാഹിർ പി.കെ.വി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി