സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും ജില്ലകളില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി.

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

ന്യൂന മർദ്ദ പാത്തി

തെക്കുപടിഞ്ഞാറൻ കാലവർഷം മധ്യ- പടിഞ്ഞാറൻ മധ്യ-കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ കൂടുതൽപ്രദേശങ്ങൾ, കൂടാതെ തെലങ്കാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിച്ചു. ഇന്ത്യൻ മേഖലയ്ക്ക് മുകളിലായി ഏകദേശം 15°എൻ അക്ഷാംശരേഖയ്ക്ക് സമാന്തരമായി ഒരു 'ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു

കൊങ്കൺ തീരത്തിന് സമീപം മധ്യ- കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും 12 വരെ ശക്തമായ മഴയ്ക്കും സാധ്യത.