ക്ഷേമ പെൻഷൻ 3000 രൂപയാക്കും, കേവല ദാരിദ്ര്യം തുടച്ചുനീക്കും; വമ്പൻ വാഗ്ദാനങ്ങളുമായി എൽ.ഡി.എഫ് പ്രകടനപത്രിക
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക പുറത്തിറക്കി.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് രണ്ട് പുസ്തകങ്ങളിലായുള്ള പത്രിക പ്രകാശനം ചെയ്തത്. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ ഏറ്റവും വലിയ വാഗ്ദാനം. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ദാരിദ്ര്യരഹിത സംസ്ഥാനമായി മാറ്റുമെന്നും എൽ.ഡി.എഫ് ഉറപ്പുനൽകുന്നു.
പ്രധാന വാഗ്ദാനങ്ങൾ
സാമൂഹ്യക്ഷേമം:
എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയാക്കി ഉയർത്തും.
ഏറ്റവും ദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് പൂർണ്ണമായും കരകയറ്റും.
കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷയും മുതിർന്ന പൗരന്മാർക്ക് ആഗോള നിലവാരത്തിലുള്ള സംരക്ഷണവും.
തൊഴിലും വിദ്യാഭ്യാസവും:
പഠിച്ചാൽ ജോലി ഉറപ്പ്' പദ്ധതിയിലൂടെ ക്യാമ്പസ് പ്ലേസ്‌മെന്റുകൾ സജീവമാക്കും.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) 120 ആയി വർദ്ധിപ്പിച്ച് 2 ലക്ഷം പേർക്ക് തൊഴിൽ നൽകും.
കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലവസരങ്ങൾ.
യുവ സംരംഭകർക്ക് പലിശരഹിത വായ്പ.
കൃഷിയും വിലവർദ്ധനവും:
നെല്ലിന്റെ തറവില 35 രൂപയായും നാളികേരത്തിന്റേത് 45 രൂപയായും ഉയർത്തും.
റബ്ബർ സബ്‌സിഡി വർദ്ധിപ്പിച്ച് കിലോയ്ക്ക് 300 രൂപയാക്കും.
മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും ആദ്യ വിൽപ്പനാവകാശവും നൽകും.
വികസനവും അടിസ്ഥാന സൗകര്യവും:
പശ്ചാത്തല മേഖലയിൽ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം.
ലൈഫ് മിഷൻ 2.0 വഴി 2.0 വഴി എല്ലാവർക്കും വീട് ഉറപ്പാക്കി സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും.
തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ പദ്ധതി നടപ്പിലാക്കും.
കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
ആരോഗ്യവും പെൻഷനും:
കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി എടുത്തുകളഞ്ഞ് സാർവ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും.
സർക്കാർ ജീവനക്കാർക്കായി 'അഷ്വേർഡ് പെൻഷൻ' പദ്ധതി നടപ്പിലാക്കും.
തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. വരും ദിവസങ്ങളിൽ ഈ വാഗ്ദാനങ്ങൾ ഉയർത്തിപ്പിടിച്ചാകും ഇടതുമുന്നണിയുടെ പ്രചാരണം.