പുതുച്ചേരിയിലെ എംഎൽഎമാരുടെ വികസന ഫണ്ട് 3 കോടി രൂപയായി ഉയർത്തി; 30 മണ്ഡലങ്ങൾക്കായി 90 കോടി രൂപ അനുവദിച്ചു
പുതുച്ചേരി: പുതുച്ചേരി നിയമസഭാംഗങ്ങളുടെ നിയോജകമണ്ഡല വികസന ഫണ്ട് രണ്ട് കോടിയിൽനിന്ന് മൂന്ന് കോടി രൂപയായി ഉയർത്തി സർക്കാർ ഉത്തരവിറക്കി.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഫണ്ട് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ മാസങ്ങൾ കഴിഞ്ഞാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.
പുതിയ ഉത്തരവുപ്രകാരം പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ 30 നിയമസഭാ മണ്ഡലങ്ങൾക്കും മൂന്ന് കോടി രൂപ വീതം അനുവദിക്കും. ഇതോടെ ആകെ 90 കോടി രൂപയാണ് മണ്ഡല വികസന പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്.
ഫണ്ട് വർധിപ്പിച്ചതോടെ ഓരോ എംഎൽഎയ്ക്കും സ്വന്തം മണ്ഡലത്തിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ അവസരമൊരുങ്ങും. സർക്കാർ തീരുമാനത്തെ നിയമസഭാംഗങ്ങൾ സ്വാഗതം ചെയ്തു.