രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി: രണ്ടാഴ്ചയ്ക്കിടെ നാലാം തവണ, വര്‍ധനവ് പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ എന്നിങ്ങനെ

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി: രണ്ടാഴ്ചയ്ക്കിടെ നാലാം തവണ, വര്‍ധനവ് പെട്രോളിന് 2.61 രൂപ, ഡീസലിന് 2.71 രൂപ എന്നിങ്ങനെ

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. തിങ്കളാഴ്ച വരുത്തിയ പുതുക്കലനുസരിച്ച്‌ പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത്. അന്താരാഷ്ട്ര ഊർജ്ജ വിപണിയിലെ അസ്ഥിരതകള്‍ക്കിടയില്‍ ഇന്ധനച്ചെലവ് ക്രമാതീതമായി ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ചരക്കുനീക്ക മേഖലയെയും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കും.(Fuel Prices Hike Again As Petrol And Diesel Rates Surge Across India)

നീണ്ട ഇടവേളയ്ക്ക് ശേഷം മെയ് 15 മുതലാണ് രാജ്യത്ത് എണ്ണക്കമ്പനികള്‍ വില പുതുക്കല്‍ പുനരാരംഭിച്ചത്. അതിനുശേഷം ഇതുവരെ പെട്രോളിനും ഡീസലിനും മൊത്തം 7.5 രൂപയോളമാണ് വർദ്ധിച്ചത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ പുതിയ റെക്കോർഡിലേക്ക് അടുത്തു.

പെട്രോള്‍ ലിറ്ററിന് 99.51 രൂപയായിരുന്നത് 102.12 രൂപയായി ഉയർന്നു (2.61 രൂപയുടെ വർദ്ധനവ്). ഡീസല്‍ ലിറ്ററിന് 92.49 രൂപയായിരുന്നത് 95.20 രൂപയായി വർദ്ധിച്ചു (2.71 രൂപയുടെ വർദ്ധനവ്). ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ (അസംസ്കൃത എണ്ണ) വില ഉയർന്നുനില്‍ക്കുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് എണ്ണ ഇറക്കുമതിച്ചെലവ് വലിയ തോതില്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് വിപണി സൂചനകള്‍.

തിരുവനന്തപുരത്ത് പെട്രോള്‍ വില 115.50 രൂപയും ഡീസല്‍ വില 104.41 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ വില 113.5 രൂപയിലെത്തി. ഡീസല്‍ വില 102.44 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 113.79 രൂപയും ഡീസല്‍ വില 102.71 രൂപയുമായി.