ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങള്‍ക്ക് മാത്രം; സ്റ്റാലിൻ്റെ 246 കോടിയുടെ പദ്ധതികള്‍ റദ്ദാക്കി മുഖ്യമന്ത്രി വിജയ്

ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങള്‍ക്ക് മാത്രം; സ്റ്റാലിൻ്റെ 246 കോടിയുടെ പദ്ധതികള്‍ റദ്ദാക്കി മുഖ്യമന്ത്രി വിജയ്


തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ എല്ലാ സ്വത്തുക്കളും ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ എന്ന് വ്യക്തമാക്കിയതിന് പിന്നാലെ മുൻ ഡിഎംകെ സർക്കാർ അനുമതി നല്‍കിയിരുന്ന 46 പദ്ധതികള്‍ റദ്ദാക്കി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ. ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച്‌ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികളാണ് റദ്ദാക്കിയത്.

സംസ്ഥാന ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്‌മെൻ്റ് (HR&CE) വകുപ്പില്‍ വരുത്തുന്ന വിപുലമായ പരിഷ്കാരങ്ങളുടെ ആദ്യ പടിയായാണ് ഈ നടപടി. ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം ആഡംബര പദ്ധതികള്‍ക്കോ വാണിജ്യ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനുമായി നീക്കിവെക്കാനാണ് തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം.

ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിള്‍ എൻഡോവ്മെൻ്റ് വകുപ്പിന് കീഴില്‍ വരാനിരുന്ന 46 പദ്ധതികളാണ് സർക്കാർ റദ്ദാക്കിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. 115.77 കോടി രൂപ ചെലവില്‍ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങള്‍, 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികള്‍ എന്നിവയാണ് റദ്ദാക്കിയത്.

ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച്‌ 246 കോടി രൂപ ചെലവില്‍ 29 കല്യാണമണ്ഡപങ്ങളും 17 വാണിജ്യ സമുച്ചയങ്ങളും നിർമിക്കാനായിരുന്നു മുൻ എംകെ സ്റ്റാലിൻ സർക്കാർ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ 46 പദ്ധതികളുടെയും നിർമാണ പ്രവർത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ക്ഷേത്രങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ഇവയുടെ അനുമതി റദ്ദാക്കുന്നതെന്നും സർക്കാർ ഉത്തരവില്‍ പറയുന്നു.

ഈ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിരുന്നില്ല. ഇവയില്‍ പല പദ്ധതികളും നിയമപരമായ തടസ്സങ്ങള്‍ നേരിടുന്നവയാണെന്നും അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് സർക്കാർ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വാണിജ്യ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച്‌ ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനും ഭക്തരുടെ ക്ഷേമത്തിനും മുൻഗണന നല്‍കാൻ സർക്കാർ തീരുമാനം.

ക്ഷേത്രങ്ങളുടെ വരുമാനം വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വഴി ക്ഷേത്രങ്ങള്‍ കടക്കെണിയിലാകുന്നത് തടയാമെന്നും സർക്കാർ വൃത്തങ്ങള്‍ പറയുന്നു. അതേസമയം, ക്ഷേത്രങ്ങള്‍ക്ക് കീഴില്‍ നിലവില്‍ പ്രവർത്തിക്കുന്ന സ്കൂളുകളെയോ കോളേജുകളെയോ ഈ തീരുമാനം ബാധിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.