പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം: മൂന്നു സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ
പന്തക്കൽ: മയ്യഴി പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം വാടകവീട് കേന്ദ്രീകരിച്ച് നടന്നിരുന്ന അനാശാസ്യ പ്രവർത്തനം പന്തക്കൽ പോലീസ് കണ്ടെത്തി. സംഭവത്തിൽ അസം സ്വദേശികളായ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ 3 സ്ത്രീകളും ഉൾപ്പെടുന്നു. പള്ളൂർ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാറിൻ്റെ നിർദേശപ്രകാരമായിരുന്നു നടപടി.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലാണ് അനാശാസ്യം നടന്നിരുന്നത്.
വീട് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ ഒത്താശയോടെയാണ് ഇത് നടന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. രാത്രി കാലങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഈ വീട്ടിൽ എത്തുന്നതായി നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒരു ഇതര സംസ്ഥാനക്കാരൻ വീട് മാറി സമീപത്തെ മറ്റൊരു വീട്ടുകാരെ വിളിച്ചുണർത്തിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് നാട്ടുകാർ പന്തക്കൽ പോലീസിൽ വിവരമറിയിച്ചു.
പള്ളൂർ എസ്.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് വീട്ടിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. പ്രതികളെ മാഹി കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു.