*എം. പി. ബാലകൃഷ്ണൻ മാസ്റ്റർ പുരസ്കാരസമർപ്പണം മെയ് 2 ന്*
തലശ്ശേരി :
ഈ വർഷത്തെ എം.പി. ബാലകൃഷ്ണൻ മാസ്റ്റർ പുരസ്‌കാര സമർപ്പണം മെയ് 2 ന് തലശ്ശേരിയിൽ നടക്കും. തലശ്ശേരി ധർമ്മടം ഗവ. മാപ്പിള എൽ.പി . സ്കൂൾ മുൻ പ്രധാനാധ്യാപകൻ കെ വിജയൻ മാസ്റ്റർക്കാണ്, എം.പി. ബാലകൃഷ്ണൻ മാസ്റ്റർ അവാർഡ് ലഭിച്ചത് . മെയ് 2 ശനിയാഴ്ച 4 മണിക്ക് തലശ്ശേരി പാരിസ് പ്രസിഡൻസിയിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
പുരസ്‌കാര സമർപ്പണം കല്പറ്റ നാരായണൻ നിർവ്വഹിക്കും . കുത്തഴിഞ്ഞ വിദ്യാഭ്യാസം എന്ന വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രഭാഷണം നടത്തും.
വിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിമാർഗ്ഗ പ്രചാകരനും പ്രഭാഷകനുമായിരുന്ന എം പി ബാലകൃഷ്ണൻ മാസ്റ്റർ കേരളത്തിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് ചിന്തകനായിരുന്നു. മാസ്റ്ററുടെ പേരിൽ എംപിബി അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ച കെ വിജയൻ മാസ്റ്റർ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ധർമ്മടം ഗവ മാപ്പിള എൽ.പി സ്‌കൂളിലെ മുൻ പ്രധാനാദ്ധ്യാപകനുമാണ് . തൻ്റെ സേവനകാലത്ത് വിവിധ സർക്കാർ സ്‌കൂളുകളിലെ സേവനം വഴി ജനമനസ്സുകളിൽ സ്ഥിരസാന്നിദ്ധ്യമായ വിജയൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ഒരു പതിറ്റാണ്ടിലേറെക്കാലം സേവനമനുഷ്ഠിച്ച ധർമ്മടത്തെ ഗവ.മാപ്പിള എൽ.പി സ്‌കൂളിൻ്റെ പുരോഗതിക്കും നിലനില്പിനും അദ്ദേഹത്തിൻ്റെ സേവനം ഏറെ മുതൽക്കൂട്ടായി . 2007 ൽ,ആവശ്യമായ വിദ്യാർത്ഥികളില്ലെന്ന പേരിൽ അടച്ചുപൂട്ടലിൻ്റെ വക്കത്തെത്തിയ വിദ്യാലയം , വിജയൻ മാസ്റ്ററുടെ വിദ്യാലയ സംഘാടന മികവിലൂടെ 250 വിദ്യാർത്ഥികളുമായി അറിയപ്പെടുന്ന വിദ്യാലയമായി മാറി. ജനകീയമായ ഇടപെടലുകളും ആത്മാർപ്പണമുള്ള സേവനവും ജോലിയോടുള്ള കൂറും ഉന്നതമായ നേതൃപാടവവും വിജയൻ മാസ്റ്ററുടെ അദ്ധ്യാപന സേവനത്തെ ദേശത്തിന് പ്രിയങ്കരമാക്കി. ഇത് തന്നെയാണ് എംപിബി പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതും.