*നമ്മൾ 2026: ചതുർദിന സഹവാസ ക്യാമ്പ് ആഗസ്റ്റ് 22 മുതൽ 25 വരെ പെരിങ്ങാടിയിൽ*
പാറാൽ ടെസ്റ്റാ റിഹാബ്സും
പെരിങ്ങാടി കൈത്താങ്ങും സംയുക്തമായി, അൽ ഫലാഹ് ട്രസ്റ്റിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 22 മുതൽ 25 വരെ ചതുർദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 ന് വൈകുന്നേരം 5 മണിക്ക് പെരിങ്ങാടി അൽ ഫലാഹ് കോളേജിൽ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചലന പരിമിതി കൊണ്ടും മറ്റു അസുഖങ്ങളാലും സ്വന്തം വീടിന്റെ അകത്തളങ്ങളിൽ ജീവിതം ചുരുങ്ങിപ്പോയവരെ ചേർത്ത് വെച്ച്, അവർക്കു പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുവാനും സമാന സാഹചര്യങ്ങളിൽ നിന്ന് വരുന്നവരുമായി ഇടപഴകുവാനും വേണ്ടിയാണ് വർഷം തോറും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 22 മുതൽ 25 വരെ നടക്കുന്ന ക്യാമ്പിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.. 22 ന് ടെസ്റ്റ കുടുംബാംഗങ്ങൾ വന്നു തുടങ്ങുന്നതു മുതൽ 25ന് വൈകിട്ട് തിരിച്ചു പോകുന്നത് വരെയുള്ള സമയത്ത്, ഗാനമേള, മാജിക് ഷോ, കോമഡി പ്രോഗ്രാം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ഇത് നാലാം വർഷമാണ് ടെസ്റ്റ റീഹാബ്ലും കൈത്താങ്ങ് പെരിങ്ങാടിയും ചേർന്നു ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയിലാണ് ഈ പ്രാവശ്യത്തെ ക്യാമ്പ് ആസൂത്രണം ചെയ്യതിട്ടുള്ളത്. ഇതിനോടകം തന്നെ 80 ഓളം കിടപ്പ് രോഗികൾ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. അൽ ഫലാഹ് സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ക്യാമ്പ് നടക്കുക.
വാർത്താ സമ്മേളനത്തിൽ കൈത്താങ്ങ് പ്രസിഡണ്ട് പി.പി. ബഷിർ, ടെസ്റ്റാ റിഹാബ്സ് സിക്രട്ടറി പി.എൻ.പ്രദീഷ്, ഹസീന അബ്ദുൾ നാസർ, ഇസ്മയിൽ മൂസ്സ എന്നിവർ സംബന്ധിച്ചു.