പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ആവാസ് പ്ലസ് 2024-25 ; എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ 54 വീടുകളുടെ താക്കോൽദാനം നടത്തി
തലശ്ശേരി: പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) ആവാസ് പ്ലസ് 2024-25 പദ്ധതി പ്രകാരം എടക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ഗുണഭോക്തൃ സംഗമവും ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ ബിന്ദു അധ്യക്ഷത വഹിച്ചു.
2024-25 ആവാസ് പ്ലസ് പട്ടികയിൽ ഉൾപ്പെട്ട ചെമ്പിലോട്, കടമ്പൂർ, മുണ്ടേരി, പെരളശ്ശേരി, കൊളച്ചേരി ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. പട്ടികയിൽ ഉൾപ്പെട്ട 68 ഗുണഭോക്താക്കളിൽ 54 പേർ വീടുപണി പൂർത്തീകരിച്ചു. വീടിന് തണൽ എന്ന നിലയിൽ വീടുപണി പൂർത്തീകരിച്ചവർക്ക് ഓർമ്മ മരമായി പ്രൊജക്ട് ഡയറക്ടർ രാജേഷ് കുമാർ തിരുവാനത്ത് ഫലവൃക്ഷത്തൈ വിതരണം ചെയ്തു.
വിവിധ ഘട്ടങ്ങളിലായി നാല് ലക്ഷം രൂപയാണ് പദ്ധതി പ്രകാരം നൽകിയത്. ഇതിൽ ബ്ലോക്ക് പഞ്ചായത്ത് 112000 രൂപയും ജില്ലാ പഞ്ചായത്ത് 98000 രൂപയും, ഗ്രാമ പഞ്ചായത്ത് 70000 രൂപയും കേന്ദ്ര ഫണ്ടിൽ നിന്നും 120000 രൂപയും വകയിരുത്തി. ഈ വർഷം നവംബറോടെ സമ്പൂർണ്ണ പി എം എ വൈ നിർമ്മാണം പൂർത്തീകരിക്കുമെന്ന ലക്ഷ്യത്തിലാണ് സർക്കാർ.
വീട് നിർമ്മാണത്തിൽ ഗുണഭോക്താക്കളോടൊപ്പം ചേർന്ന് പ്രവർത്തിച്ച അഞ്ച് ഗ്രാമപഞ്ചായത്തുകളിലെയും വില്ലേജ് എക്സ്ടെൻഷൻ ഓഫീസർമാരെ ചടങ്ങിൽ ആദരിച്ചു.
ജോയിന്റ് ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ ടി വി രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ഗിരീശൻ , ടി വി ഷമീമ , വി പി ഷൈജ , ടി സുനീഷ് , സി കെ റസീന , എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി കെ പത്മജ , ഹാരിസ് പടന്നോട്ട്, കെ വി, ജയരാജൻ , കാണി രഘുനാഥ്, പി കെ പി നസീർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മുസ്തഫ കോടിപൊയിൽ, മോഹനൻ മുത്തേടം, ഒ.സി ബിന്ദു, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പ്രശാന്ത് ഇ എന്നിവർ പങ്കെടുത്തു.