എല്ലാം അതീവ രഹസ്യം, ഡിജിറ്റലായി സുപ്രധാന കരാറില്‍ ഒപ്പുവച്ച്‌ യുഎസും ഇറാനും, 19 ന് ജനീവയില്‍ ഔദ്യോഗിക ഒപ്പിടല്‍; ട്രംപ് ഫ്രാൻസില്‍, മോദിയുമായി നാളെ കൂടിക്കാഴ്ച

എല്ലാം അതീവ രഹസ്യം, ഡിജിറ്റലായി സുപ്രധാന കരാറില്‍ ഒപ്പുവച്ച്‌ യുഎസും ഇറാനും, 19 ന് ജനീവയില്‍ ഔദ്യോഗിക ഒപ്പിടല്‍; ട്രംപ് ഫ്രാൻസില്‍, മോദിയുമായി നാളെ കൂടിക്കാഴ്ച

ലോകം ഉറ്റുനോക്കുന്ന അമേരിക്ക - ഇറാൻ സമാധാന കരാറില്‍ ഇരു രാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്.അതീവ രഹസ്യമായാണ് കരാർ വിവരങ്ങള്‍ ഇരു രാജ്യങ്ങളും സൂക്ഷിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ജനീവയില്‍ വെച്ച്‌ അമേരിക്കയും ഇറാനും കരാറില്‍ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം. അതുവരെ ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. യു എസുമായി ഉണ്ടാക്കിയ ഈ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ, ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങള്‍, അമേരിക്കൻ ഉപരോധങ്ങള്‍ ഘട്ടങ്ങളായി പിൻവലിക്കുന്ന രീതി തുടങ്ങിയ നിർണായക വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും പൂർണ്ണമായ സമവായത്തില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. ഈ തർക്കവിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ തുടർചർച്ചകള്‍ നടത്തുമെന്നാണ് റിപ്പോർട്ടുകള്‍.

ട്രംപ് ഫ്രാൻസില്‍

അതിനിടെ ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്രാൻസിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ മറ്റ് ജി 7 നേതാക്കളുമായും ട്രംപ് നിർണായക ചർച്ചകള്‍ നടത്തും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. മോദി - ട്രംപ് കൂടിക്കാഴ്ച്ച്‌ ബുധനാഴ്ച വൈകുന്നേരം ആറരയ്ക്കായിരിക്കുമെന്നാണ് വിവരം. തർക്കവിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലും മോദിയും ട്രംപും ചർച്ച നടത്തിയേക്കും. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അകല്‍ച്ച നിലനില്‍ക്കെയാണ് പതിനാറ് മാസത്തിന് ശേഷം മോദിയും ട്രംപും കൂടിക്കാഴ്ച്ച നടത്താൻ പോകുന്നത്.
ചർച്ചയിലെ പ്രതീക്ഷകള്‍

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ, അമേരിക്കയുടെ തീരുവ നയം, H-1B വിസ നിയന്ത്രണം, ഊർജസുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ചയാകുമെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സ്ഥിതിഗതിയും നേതാക്കള്‍ വിലയിരുത്തും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആഗോള എണ്ണവിതരണ ശൃംഖലയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളും ഇന്ത്യയുടെ ആശങ്കയായി മോദി മുന്നോട്ടുവെക്കാനിടയുണ്ട്. സമീപകാലത്ത് തീരുവ തർക്കവും റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും ഉണ്ടായിരുന്നെങ്കിലും, ഇരു രാജ്യങ്ങളും വ്യാപാര കരാറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സംഘർഷം അവസാനിപ്പിക്കാൻ താനാണ് ഇടപെടല്‍ നടത്തിയത് എന്ന് ട്രംപ് പലക്കുറി അവകാശവാദം ഉന്നയിച്ചിരുന്നു. ഈക്കാര്യങ്ങളില്‍ മോദി എന്ത് നിലപാട് അറിയിക്കുമെന്നതും പ്രധാനമാണ്. വിഷയം പ്രതിപക്ഷം വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഇതിനിടെ അമേരിക്കൻ ആക്രമണത്തില്‍ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ, അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമർശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കൻ അമേരിക്കൻ വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം അമേരിക്കൻ പ്രസ്താവന പുറത്ത് വന്നിരുന്നു. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം അമേരിക്ക മുന്നറിയിപ്പ് നല്‍കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ശശി തരൂർ അടക്കം നേതാക്കള്‍ വിമർശിച്ചിരുന്നു. ഉപരോധം ലംഘിക്കുന്ന ഒരു നടപടിയും സഹിക്കില്ല എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. അതുകൊണ്ടുതന്നെ ട്രംപിനോട് മോദി നേരിട്ട് പ്രതിഷേധം അറിയിക്കുമോ എന്നത് പ്രധാനമാണ്.