18-ന്റെ നിറവിൽ കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യ

18-ന്റെ നിറവിൽ കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യ

 മാഹി: കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യയുടെ  18-ാം വാർഷികം മാഹിയിൽ വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു. മാഹി എം.എൽ.എ. അഡ്വ. ടി. അശോക് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. 18 വർഷം പൂർത്തിയാക്കിയ കോൺട്രാക്റ്റിംഗ് പ്ലസിനെ അഭിനന്ദിച്ച അദ്ദേഹം, മാഹിയിൽ ഒരു സംരംഭം ആരംഭിച്ച്, ഏകദേശം 400 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ നൽകുന്ന ഒരു സ്ഥാപനമായി അതിനെ വളർത്തിയെടുത്തത് അഭിമാനകരമായ നേട്ടമാണെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് ചിറകുനൽകാൻ കമ്പനിക്ക് സാധിച്ചുവെന്നും പ്രത്യേകം പരാമർശിച്ചു.
 കോൺട്രാക്റ്റിംഗ് പ്ലസ് ഇന്ത്യ - ഓപ്പറേഷൻസ് ഡയറക്ടർ വിനോദ് സുകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  ഐ.ടി. ഡയറക്ടർ അനൂപ് ദാമോദരൻ സ്വാഗതവും, എച്ച്. ആർ. മാനേജർ നീതു ശിവാനന്ദൻ നന്ദി പ്രകാശനവും നടത്തി.
 ചെയർമാനും സ്ഥാപകനുമായ മൈക്കൽ ഡിനീൻ, മാനേജിംഗ് ഡയറക്ടർ ഫെർഗൽ ലെനൻ, കോഡ്‌ഫയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകൻ പ്രാഞ്ചൽ ശ്രീവാസ്തവ, പി. മോഹൻ ആൻഡ് അസോസിയേറ്റ്സ് എൽ.എൽ.പി. സ്ഥാപകൻ സി.എ.  പി. മോഹൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ജീവനക്കാരുടെ കലാപരിപാടികളും പ്രകടനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി; പരിപാടി ഏറെ സജീവവും അവിസ്മരണീയവുമായിരുന്നു .

വാർഷികാഘോഷങ്ങളുടെ ഭാഗമായി, കമ്പനി ജീവനക്കാരുടെ കൂട്ടായ്മയായ 'ഹെൽപ്പിംഗ് ഹാൻഡ്‌സ്', മാഹി ഗവൺമെന്റ് ആശുപത്രിയിലേക്ക്  വാട്ടർ ഹീറ്ററും ഇരിപ്പിട സൗകര്യങ്ങളും സംഭാവന ചെയ്തു.