നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

നേപ്പാള്‍ പ്രളയം: മരണം 165 കവിഞ്ഞു, കാണാമറയത്ത് ആയിരത്തോളം പേര്‍, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

കാണാതായവരില്‍ തഞ്ചാവൂരില്‍ നിന്നും പോയ 37 തമിഴ്‌നാട്ടുകാരും പെടുന്നു

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 165 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. വിദേശ ടൂറിസ്റ്റുകള്‍ അടക്കം ആയിരത്തോളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ തഞ്ചാവൂരില്‍ നിന്നും പോയ 37 തമിഴ്‌നാട്ടുകാരും പെടുന്നു. ബംഗാളില്‍ നിന്നും പോയ 32 പേരെക്കുറിച്ചും വിവരമില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം മലയാളി ടൂറിസ്റ്റ് സംഘം സുരക്ഷിതരാണെന്നാണ് വിവരം. അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

റാസുവ മേഖലയിലുണ്ടായ ദുരന്തത്തില്‍ 165 മരണം സ്ഥിരീകരിച്ചതായും, ആയിരത്തോളം പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും, കാണാതായവരില്‍ 300 ഓളം ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായും നേപ്പാള്‍ വിദേശകാര്യമന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു. കാണാതായ ഇന്ത്യക്കാരില്‍ കൂടുതലും മാനസരോവര്‍ തീര്‍ഥാടകരാണെന്നും നേപ്പാള്‍ മന്ത്രി വ്യക്തമാക്കി. 500 ഓളം വിദേശികളെക്കുറിച്ചാണ് ഒരു വിവരവുമില്ലാത്തത്. ആയിരക്കണക്കിന് വീടുകള്‍ നഷ്ടമായി എന്നും മന്ത്രി ശിശിര്‍ ഖനാല്‍ പറഞ്ഞു.

കാണാതായ വിദേശ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് നേപ്പാള്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ഹിമാലയന്‍ രാഷ്ട്രത്തില്‍ സമീപകാലത്ത് ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇപ്പോഴുണ്ടായ മിന്നല്‍ പ്രളയം. രക്ഷാപ്രവര്‍ത്തനത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നത്. വളരെ വേഗം തന്നെ മരുന്നുകളും മറ്റു സാമഗ്രികളും അയച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇടപെട്ട ഇന്ത്യയ്ക്ക് പ്രത്യേകം നന്ദി പറയുന്നുവെന്നും നേപ്പാള്‍ മന്ത്രി ശശിശിര്‍ ഖനാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രളയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനും ബന്ധപ്പെട്ട വിവരങ്ങള്‍ക്കുമായി കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അടിയന്തര നമ്പറുകള്‍ സജ്ജമാക്കി. വിവരങ്ങള്‍ക്ക് +977 985 131 6807 അല്ലെങ്കില്‍ +977 970 910 7500 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സഹായത്തിനായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് 1234 എന്ന ടോള്‍ ഫ്രീ എമര്‍ജന്‍സി നമ്പര്‍, 1144 എന്ന ഹോട്ട്ലൈന്‍ നമ്പര്‍, ടൂറിസ്റ്റ് പൊലീസിന്റെ 9851289445 എന്നീ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്.