കൂത്തുപറമ്പിൽ 15കാരനെ കാണാനില്ലെന്ന് പരാതി; തലശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ
പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടിൽ നിന്നിറങ്ങിയെന്നാണ് ബന്ധുക്കൾ പറയുന്നത്. തലശേരി റെയിൽവേ സ്റ്റേഷനിൽ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷൻ സെൻ്ററിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷൻ കഴിഞ്ഞ് കുട്ടി നേരെ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു പതിവ്. അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്ന് പറഞ്ഞ് അധ്യാപകർ രക്ഷിതാക്കളോട് വിവരമന്വേഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു.സ്കൂൾ യൂണിഫോം ധരിച്ചായിരുന്നു കുട്ടി വീട്ടിൽ നിന്ന് പോയത്. എന്നാൽ സിസിടിവിയിലെ ദൃശ്യങ്ങളിൽ കുട്ടി സാധാരണ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.
അദ്വൈതിനെ കണ്ടെത്താൻ വ്യാപകരമായി തെരച്ചിൽ നടത്തുകയാണ് പൊലീസ്.