ജൂണ്‍ 15 മുതല്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പദ്ധതിയുടെ പേര് പ്രിയദര്‍ശിനി

ജൂണ്‍ 15 മുതല്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പദ്ധതിയുടെ പേര് പ്രിയദര്‍ശിനി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ യാത്രാ സൗജന്യം നല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ അറിയിച്ചു.

ഇന്ദിരാഗ്യാരന്റി പ്രകാരമുള്ള ഈ പദ്ധതി 'പ്രിയദര്‍ശിനി' എന്ന പേരില്‍ അറിയപ്പെടും. വരുമാനം, പ്രായം എന്നിവ കണക്കാക്കാതെ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ട്രാന്‍സ്‌ഡെന്‍ഡേഴ്‌സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിക്ക് മാസം 65-70 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാരിന് വരും. ഒരു വര്‍ഷം 800 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനായി സര്‍ക്കാര്‍ ഈ പണം കോര്‍പ്പറേഷന് അനുവദിക്കും. നിലവില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ 1500 കോടി രൂപ നല്‍കുന്നുണ്ട്. ഇതുകൂടാതെ, സൗജന്യ യാത്രയ്ക്ക് വേണ്ടി വരുന്ന സാമ്പത്തിക ബാധ്യത നികത്താനുള്ള പണം കൂടി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.