തലശേരിയില്‍ കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍; പ്രതികളില്‍ നിന്ന് ലഭിച്ചത് 110 പവന് സ്വര്‍ണം
കണ്ണൂര്‍| തലശേരിയില്‍ 110 പവന് സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളായ നേപ്പാള്‍ സ്വദേശി ഗോപാല്‍ (32), അസം സ്വദേശി ദെബോജിത് (35) എന്നിവരാണ് തലശേരി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചെന്നൈയില്‍ മോഷണം നടത്തിയ ശേഷം സ്വര്‍ണം കേരളത്തില്‍ വില്ക്കാന് കൊണ്ടുവന്നപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. നഗരത്തില്‍ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.