*11 ദിവസം സംഗീത-നൃത്ത വിരുന്ന്; മാങ്ങോട്ടുംകാവിൽ നവരാത്രി ആഘോഷം 11 മുതൽ*
ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടുംകാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11 മുതൽ 21 വരെ സംഗീത-നൃത്തോത്സവം നടക്കും. വിവിധ കലാസംഘങ്ങളുടെ നേതൃത്വത്തിൽ ഭജൻ, കർണാടക സംഗീതം, ഭക്തിഗാനമേള, നൃത്തപരിപാടികൾ എന്നിവ 11 ദിവസങ്ങളിലായി അരങ്ങേറും. വിജയദശമി ദിനമായ 21ന് രാവിലെ സരസ്വതി പൂജയും 8.30ന് വിദ്യാരംഭവും ഗ്രന്ഥമെടുക്കലും നടക്കും.
11ന് പാനൂർ ശ്രീ വൽസം ഭജൻസിന്റെ ഭജൻ, 12ന് തില്ലാന നൃത്തവിദ്യാലയം പള്ളൂരും എസ്.എൻ. കലാവേദി കവിയൂരും ചേർന്നുള്ള നൃത്താർച്ചന, 13ന് തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ കർണാടക സംഗീതവും ഭക്തിഗാനമേളയും നടക്കും. 14ന് ശ്രീ കുറുമ്പ നൃത്തവിദ്യാലയം മുഴപ്പിലങ്ങാട്, 15ന് വോയ്സ് ഓഫ് മാഹി എന്നിവരുടെ പരിപാടികളുണ്ടാകും.
16ന് മാഹി ശിവം കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യയും 17ന് ആശ്രയ റസിഡന്റ്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നൃത്തസംഗീത സന്ധ്യയും നടക്കും. 18ന് വൈകിട്ട് അഞ്ചിന് ഗ്രന്ഥവെപ്പും രാത്രി എട്ടിന് ചാലക്കര നാട്യഗൃഹത്തിന്റെ നൃത്താഞ്ജലിയും അരങ്ങേറും. 19ന് ശ്രീരഞ്ജിനി കലാക്ഷേത്രം കണ്ണൂർ-മാഹിയുടെ നൃത്തോത്സവവും 20ന് വൈകിട്ട് ആറിന് നവരാത്രി കിഴി സമർപ്പണവും വാഹനപൂജയും നടക്കും. രാത്രി ഏഴിന് മാങ്ങോട്ടുംകാവ് കലാകേന്ദ്രം അവതരിപ്പിക്കുന്ന ‘അമൃതസംഗീതം’ അരങ്ങേറും.
21ന് രാവിലെ എട്ടിന് സരസ്വതി പൂജയും 8.30ന് വിദ്യാരംഭവും ഗ്രന്ഥമെടുക്കലും നടക്കും. വിദ്യാരംഭത്തിന് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. മേൽശാന്തി ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജാകർമങ്ങൾ. പതിവ് പൂജകൾക്കു പുറമേ നവരാത്രി പൂജയും എല്ലാ ദിവസവും രാത്രി ലഘുഭക്ഷണ വിതരണവും ഉണ്ടായിരിക്കും.
ക്ഷേത്രം പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.