ഫ്രഞ്ച് മീഡിയം 10-ാം ക്ലാസ് പരീക്ഷ: മുഴുവൻ വിദ്യാർഥികളും വിജയിച്ചു

ഫ്രഞ്ച് മീഡിയം 10-ാം ക്ലാസ് പരീക്ഷ: മുഴുവൻ വിദ്യാർഥികളും വിജയിച്ചു

മാഹി, എക്കോൾ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ മഹെ (ഗവ. ഫ്രഞ്ച് ഹൈസ്‌കൂൾ മാഹി)യിൽ നടന്ന 10-ാം ക്ലാസ്പൊതുപരീക്ഷയിൽ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. ഫ്രഞ്ച് സംസ്കാരത്തിന്റെ ശേഷിപ്പ് എന്ന നിലയിൽ ഇപ്പോഴും ഫ്രഞ്ചിൽ അധ്യയനം നടത്തുന്ന മാഹിയിലെ ഏക വിദ്യാലയമാണ് എക്കോൾ സംത്രാൽ എ കൂർ കോംപ്ലെ മാംന്തേർ മഹെ.
     പുതുച്ചേരി സർക്കാരിന്റെ കീഴിൽ നാല് ഫ്രഞ്ച് ഹൈ സ്‌കൂളുകൾ ആണുള്ളത്. അതിലൊന്നാണ് മാഹിയിലേത്. പുതുച്ചേരി സർക്കാർ നേരിട്ട് പരീക്ഷ നടത്തുന്ന ഇടമാണിത്. ഒന്നാം തരം മുതൽ പത്താംതരം വരെയു ള്ള ഈ വിദ്യാലയത്തിന്റെ മുഖ്യ മാധ്യമം ഫ്രഞ്ച് ആണ്. കൂടാതെ ഉപഭാഷകളായി ഇംഗ്ലിഷും മലയാളവും ഉണ്ട്. 10-ാം ക്ലാസ് പൊതുപരീക്ഷയിൽ എഴുത്തു പരീക്ഷ പാസായ കുട്ടികൾക്ക് പിന്നീ ട് വാചാ പരീക്ഷയ്ക്കൊപ്പം ചിത്ര രചന, തയ്യൽ, കായികം എന്നിവയിലും പരീക്ഷയുണ്ട്. ഇവയിലെ മികവ് കൂടി കണക്കിലെടുത്താണ് വിദ്യാർഥി പരീക്ഷയിൽ വിജയിക്കുക.
         മാഹിയിലെ മറ്റ് സർക്കാർ വിദ്യാലയങ്ങൾ സിബിഎസ്ഇ സിലബസ് ആണ് പിന്തുടരുന്നത്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സർക്കാർ വിദ്യാലയങ്ങളിലും പത്താംതരത്തിൽ 100% ആണ് വിജയം. ഇതോടെ മാഹി മേഖലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും പത്താംതരത്തിൽ 100% വിജയമാണ് കൈവരിച്ചിരിക്കുന്നത്